ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകൾ നേടാൻ കൊമ്പന്മാർക്ക് സാധിച്ചിരുന്നു.

ജനുവരി 24ന് ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഈയൊരു മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്. 

ടീം ചൊവ്വാഴ്ച കൊച്ചിയിൽ വെച്ച് പരിശീലനം നടത്തിയിരുന്നു. എന്നാൽ ഈയൊരു പരിശീലന സെക്ഷനിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ ബികാശ് യുമ്നാമിനെ കാണാൻ സാധിച്ചിരുന്നില്ല.

താരം കഴിഞ്ഞ ദിവസം തന്നെ കൊച്ചിയിലെത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് പരിശീല സെക്ഷനിൽ പങ്കെടുക്കാഞ്ഞത് എന്നതിൽ വ്യക്തതയില്ല. ബികാശിന് പുറമെ മുഹമ്മദ്‌ ഐമമെനെയും നോറ ഫെർണാണ്ടസിനെയും ഈയൊരു പരിശീലന സെക്ഷനിൽ കാണാൻ കഴിഞ്ഞിരുന്നില്ല.

ഇതിൽ ഐമെൻ പരിക്കിന്റെ പിടിയിലാണെന്നാണ് അഭ്യൂഹങ്ങൾ. പക്ഷെ നോറ ക്ലബ്‌ വിട്ടത്തോടെയാവാം ഇന്ന് പരിശീലന സെക്ഷനിൽ ഇറങ്ങാഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ താരം ലോൺ അടിസ്ഥാനത്തിൽ കൂടുമാറുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.