ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നും പരാജയപ്പെട്ടിരിക്കുകയാണ്. ഡൽഹി കാപിറ്റൽസിനോട് 25 റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ്. കളിച്ച 4 മത്സരങ്ങളിൽ ഒരൊറ്റ വിജയവുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ചെന്നൈ. ചെന്നൈയുടെ തോൽവിക്ക് പിന്നാലെ നായകൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ ഒരു തീരുമാനവും ആരാധകർ വിമർശിക്കുകയാണ്.
ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല. ഇതിന് ആരാധകർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗിന് ഇറങ്ങുന്നില്ല എന്നതാണ്.
ഓപണർ എന്ന നിലയിൽ സിഎസ്കെയിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് ഋതുരാജ്. താരം നായകനാവുന്നതിന് മുമ്പ് ഓപ്പണിങ് പൊസിഷനിലായിരുന്നു കളിച്ചിരുന്നത്. നായകനായത് മുതലാണ് താരം ഓപ്പണിങ് പൊസിഷൻ മാറ്റിയത്.
ചെന്നൈയിൽ നേരത്തെ കോൺവെയോടൊപ്പം ചേർന്ന് മികച്ച രീതിയിൽ ഇന്നിംഗ്സ് തുടങ്ങിയിരുന്ന താരമാണ് ഋതുരാജ്. എന്നാൽ ഇന്ത്യൻ ടീമിൽ ഓപ്പണിങ് പൊസിഷനിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ജയ്‌സ്വാൾ, ഗിൽ തുടങ്ങിയ താരങ്ങളെയാണ് ഗംഭീർ പരിഗണിക്കുന്നത്. അതിനാൽ മൂന്നാമനായി കളിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിൽ തനിക്ക് സാധ്യതയുള്ളൂ എന്ന കണക്ക് കൂട്ടലാണ് താരം നിലവിൽ മൂന്നാം നമ്പറിൽ ബാറ്റ് വീശാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഋതുരാജ് കോൺവെയ്ക്കൊപ്പം ഓപ്പണിങ് ചെയ്താൽ പവർ പ്ലേയിൽ മികച്ച റൺസ് കണ്ടെത്താൻ സാധിക്കുമെന്നും പിന്നീടുള്ള ബാറ്റർമാർക്ക് സമ്മർദ്ദം കുറയുമെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ദേശീയ ടീമിൽ അവസരം ലഭിക്കാനായി ഋതുരാജ് ചെന്നൈയെ ബലിയാടാക്കരുതെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.