FootballIndian Super LeagueKBFCSports

കണക്കുകൂട്ടലുകൾ പിഴച്ചു; ബ്ലാസ്റ്റേഴ്‌സിനെ ‘ചതിച്ച്’ സ്വന്തം റിലീസ് നയം; ക്ലബ് വിട്ടത് പ്രമുഖ താരങ്ങൾ

ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഐമനും അസ്ഹറും ക്ലബിനോട് റിലീസ് ചോദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. സ്വന്തം നയം പരസ്യമായി പ്രഖ്യാപിച്ചതിനാൽ അത് മാറ്റാനോ, താരങ്ങൾക്കായി ട്രാൻസ്‌ഫർ തുക ചോദിക്കാനോ ക്ലബിന് സാധിച്ചില്ല.

ഐഎസ്എൽ 2025-26 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റൊരു ഇന്ത്യൻ താരം കൂടി പടിയിറങ്ങുകയാണ് (kerala blasters fc).

കഴിഞ്ഞ സീസൺ അവസാനത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയിൽ നിന്നും അഞ്ച് വർഷത്തെ ദീർഘകാല കരാറിൽ സ്വന്തമാക്കിയ റൈറ്റ് ബാക്ക് അമേ റാണാവാടെയാണ് ഒടുവിലായി ടീം വിടുന്നത്.

താരം കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനുമായി പുതിയ കരാറിൽ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേയുടെ കൂടുമാറ്റം പ്രതിരോധ നിരയിൽ ബ്ലാസ്റ്റേഴ്സിന് വലിയൊരു വിടവ് തന്നെയാകും സൃഷ്ടിക്കുക.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്സിലെ ഇരട്ട സഹോദരങ്ങളായ ഐമനും അസ്ഹറും ക്ലബ് വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെ വളർന്നുവന്ന, ഇന്ത്യൻ ഫുട്ബോളിലെ അടുത്ത താരോദയം എന്ന് വിശേഷിക്കപ്പെടുന്ന ഐമനെ ഒരൊറ്റ രൂപ പോലും ട്രാൻസ്ഫർ തുക വാങ്ങിക്കാതെയാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ക്ലബ് ഡൽഹിക്ക് കൈമാറിയത്.

വിശ്വസ്തരായ യുവതാരങ്ങളെ ഇത്തരത്തിൽ നഷ്ടപ്പെടുത്തിയത് ക്ലബിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ ഈ കൈമാറ്റങ്ങൾക്കെല്ലാം പിന്നിൽ ബ്ലാസ്റ്റേഴ്സ് സ്വീകരിച്ച ഒരു പ്രത്യേക നയമാണെന്നതാണ് വാസ്തവം.

ഐഎസ്എൽ സീസൺ അനിശ്ചിതത്വത്തിലാവുകയും വലിയ പ്രതിസന്ധികൾ ഉടലെടുക്കുകയും ചെയ്ത സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഒരു പുതിയ നയം പ്രഖ്യാപിച്ചിരുന്നു. താരങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ടീം വിടണമെന്നുണ്ടെങ്കിൽ ക്ലബ് അതിന് തടസ്സം നിൽക്കില്ല എന്നതായിരുന്നു ആ തീരുമാനം.

കൃത്യമായി മത്സരങ്ങൾ നടന്നില്ല എങ്കിൽ താരങ്ങളുടെ കരിയറിലെ വിലപ്പെട്ട സമയം ക്ലബ്ബിൽ ഇരുത്തി നശിപ്പിക്കരുത് എന്ന ഉദാരമായ ഉദ്ദേശത്തോടെയായിരുന്നു മാനേജ്‌മെന്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഈ നയം പ്രകാരമാണ് നേരത്തെ സ്‌പാനിഷ് താരം ജീസസ് ജിംനസ് രണ്ട് വർഷത്തെ കരാർ ബാക്കിനിൽക്കെ ക്ലബ് വിട്ടുപോയത്.

‘ആര് റിലീസ് ചോദിച്ചാലും ഞങ്ങൾ തടസ്സം നിൽക്കില്ല’ എന്ന് ബ്ലാസ്റ്റേഴ്‌സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്ലബിന്റെ ഈ നല്ല ഉദ്ദേശം ഇപ്പോൾ അവർക്ക് തന്നെ വിനയായി മാറിയിരിക്കുകയാണ്.

തിരിച്ചടിയായത് ഇന്ത്യൻ താരങ്ങളുടെ നയം

വിദേശ താരങ്ങൾ മാത്രമായിരിക്കും ഇത്തരത്തിൽ റിലീസ് ആവശ്യപ്പെടുക എന്നായിരുന്നു മാനേജ്‌മെന്റ് കണക്കുകൂട്ടിയിരുന്നത്.

ഇന്ത്യൻ താരങ്ങൾ, പ്രത്യേകിച്ച് യുവതാരങ്ങൾ ഐഎസ്എൽ പ്രതിസന്ധി മൂലം ടീം വിട്ടുപോകില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വിശ്വസിച്ചു (kerala blasters fc).

എന്നാൽ ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഐമനും അസ്ഹറും ക്ലബിനോട് റിലീസ് ചോദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി.

സ്വന്തം നയം പരസ്യമായി പ്രഖ്യാപിച്ചതിനാൽ അത് മാറ്റാനോ, താരങ്ങൾക്കായി ട്രാൻസ്‌ഫർ തുക ചോദിക്കാനോ ക്ലബിന് സാധിച്ചില്ല.

kerala blasters fc

അമേ റാണാവാടെയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ് ഉണ്ടായത്. വവലിയ പ്രതീക്ഷയോടെ എത്തിച്ച പ്രധാന താരങ്ങളെ പോലും ലാഭമില്ലാതെ വിട്ടുകൊടുക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന്റെ സീസൺ പ്ലാനുകളെ തന്നെ ബാധിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന സീസണിൽ ഈ താരങ്ങളുടെ കുറവ് എങ്ങനെ പരിഹരിക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ. ഒരു പരീക്ഷണഘട്ടത്തിൽ താരങ്ങളുടെ താല്പര്യത്തിന് മുൻഗണന നൽകിയ ക്ലബിന്റെ നയം, ടീമിന്റെ കരുത്ത് ചോരുന്നതിലാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

ALSO READ: ആഫ്‌കോൺ ടോപ്പ് സ്‌കോർ ഇനി ഇന്ത്യയിൽ; വമ്പൻ സൈനിങ്‌

ALSO READ: ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലേക്ക് തിരിച്ചെത്തിക്കാൻ നീക്കം; കോഴിക്കോട് ഉപേക്ഷിച്ചേക്കും

content: kerala blasters fc