കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവപ്രതിരോധ താരം റുയിവ ഹോർമിപാമിന്റെ കൂടുമാറ്റം തന്നെയാണ് നിലവിൽ ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ പ്രധാന ചർച്ച. താരത്തെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് കാണിക്കുന്ന തന്ത്രവും ചർച്ചയാവുന്നുണ്ട്. ഒരുപക്ഷെ, കളത്തിൽ ബ്ലാസ്റ്റേഴ്‌സ് കാണിച്ച തന്ത്രങ്ങളേക്കാൾ വലുതാണ് പണമുണ്ടാക്കാൻ ഇപ്പോൾ ട്രാൻസ്ഫർ വിപണിയിൽ ക്ലബ് കാണിക്കുന്ന തന്ത്രം.
2027 വരെയാണ് ഹോർമിപാമിന് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിൻകിസിന് താരത്തെ വിൽക്കാൻ യാതൊരു താൽപര്യവുമില്ല. നേരത്തെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി എന്നിവർ താരത്തിനായി രംഗത്ത് വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ട് കൊടുക്കാൻ തയാറായില്ല. പക്ഷെ, ഇനിയും താരത്തെ ക്ലബ്ബിൽ നിലനിർത്താനാവില്ലെന്ന് മനസിലായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കാൻ നിർബന്ധിതരായത്.
നിലവിൽ ബ്ലാസ്റ്റേഴ്സിൽ അവസരം കുറയുകയും ബികാഷ് യുംനം ക്ലബ്ബിന്റെ പ്രധാന ഇന്ത്യൻ സെന്റർ ബാക്കായി മാറുകയും ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ഹോർമിപാം കൂടുതൽ അവസരങ്ങൾക്കായി ക്ലബ് വിടാൻ ഒരുങ്ങിയത്. താരം ഇനി പുതിയ കരാറിൽ ഒപ്പിടില്ല എന്ന് ഉറപ്പായതോടെ എത്രയും പെട്ടെന്ന് താരത്തെ വിറ്റ് കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയും ചെയ്തു. ഇവിടെ ഒരു തന്ത്രം ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ എന്നും വലിയ വിലകൊടുത്ത് സ്വന്തമാക്കുന്നവരാണ് ഈസ്റ്റ് ബംഗാൾ. ഇത് മുന്നിൽ കണ്ട് താരത്തിനായി വലിയ തുക ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. കൂടാതെ ബംഗളുരു എഫ്സി, മുംബൈ സിറ്റി എഫ് എന്നീ ക്ലബ്ബുകളും താരത്തിനായി രംഗത്ത് വന്നതോടെ ഹോർമിക്ക് വമ്പൻ തുക തന്നെ ബ്ലാസ്റ്റേഴ്‌സ് ചോദിച്ച് തുടങ്ങി.
ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…