ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌കോട്ടിഷ് താരത്തിന് പിന്നാലെയാണ് എന്നാണ് റിപോർട്ടുകൾ.
സ്‌കോട്ടിഷ് മാധ്യമ പ്രവർത്തകനായ ആന്റണി ജോസഫ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ചെന്നൈയിൻ എഫ്സിയുടെ സ്‌കോട്ടിഷ് മിഡ്ഫീൽഡർ കൊണാർ ഷീൽഡിന് വേണ്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുകയാണ്. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരു ഓഫർ നൽകിയതായാണ് റിപ്പോർട്ട്.
എന്നാൽ ബ്ലാസ്റ്റേഴ്സിന് പുറമെ, ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാൾ എന്നിവരും താരത്തിനായി രംഗത്തുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇരുവരെയും മറികടക്കേണ്ടതുണ്ട്.
അതേ സമയം 2024-25 ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് ഷീൽഡ്. സീസണിൽ 8 അസിസ്റ്റുകൾ നടത്തിയ താരം ഒരു ഗോളും തന്റെ പേരിലാക്കിയിട്ടുണ്ട്.
മെയ് മാസത്തോട് കൂടി താരത്തിന്റെ കരാർ ചെന്നൈയിൻ എഫ്സിയുമായി അവസാനിക്കുന്നതിനാൽ ട്രാൻസ്ഫർ ഫീ മുടക്കേണ്ടതില്ല എന്ന ഗുണം കൂടി ക്ലബ്ബുകൾക്കുണ്ട്.