നിലവിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ് മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. എന്നാൽ ഈ അവസ്ഥ ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. മുംബൈയുടെ സമീപകാല മോശം പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ഒരു ബിഗ് ഹിറ്ററുടെ അഭാവം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നീണ്ട 12 വർഷക്കാലം മുംബൈക്കായി കളിച്ച വിൻഡീസ് വെടിക്കെട്ട് താരം കിറോൺ പൊള്ളാർഡിന്റെ കാര്യം തന്നെയാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പല നിർണായക ഘട്ടങ്ങളിലും പൊള്ളാർഡ് മുംബൈയെ വിജയത്തിലേക്ക് ഫിനിഷ് ചെയ്തിട്ടുണ്ട്. എന്നാൽ പൊള്ളാർഡ് ടീം വിട്ടതിന് ശേഷം അത് പോലൊരു ഫിനിഷർ മുംബൈയ്ക്ക് ഉണ്ടായിട്ടില്ല.
പൊള്ളാർഡിന് പകരമായി ഓസിസ് താരം ടിം ഡേവിഡിനെ കൊണ്ട് വന്നെങ്കിലും അതൊന്നും ഫലവത്തായില്ല. റൊമാരിയോ ഷെപേർഡിനെയും മുംബൈ പിന്നീട് ഉപയോഗിച്ചെങ്കിലും പൊള്ളാർഡിന് പകരക്കാരനായില്ല. പണ്ട് മുംബൈയുടെ ഫിനിഷിങ് റോൾ മികച്ച രീതിയിൽ നിർവഹിച്ചിരുന്ന ഹർദിക് പാണ്ട്യയും നിലവിൽ ഫിനിഷിങ്ങിൽ ആ റോളിലേക്ക് ഉയർന്നില്ല.
പൊള്ളാർഡ് എന്ന ഫിനിഷർക്ക് പകരക്കാരനായി അത് പോലൊരു ഫിനിഷർ മുംബൈയ്ക്ക് ഇന്നില്ല എന്നതാണ് നിലവിൽ മുംബൈയുടെ പോരായ്‌മയായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
വരും മത്സരങ്ങളിൽ മുംബൈ ഫിനിഷിങ്ങിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ല എങ്കിൽ ഈ സീസണിലും മുംബൈയുടെ അവസ്ഥ പരിതാപകരമായിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.