നായകനായി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ പഞ്ചാബ് കിങ്‌സിനോട് ഗംഭീര വിജയം നേടിയ സഞ്ജു സാംസണ് ആ മികവ് ഇന്നലെ ഗുജറാത്തിനോട് കാട്ടാനായില്ല. ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
തോൽവിക്കുള്ള കാരണം താനെന്ന് പറഞ്ഞ സഞ്ജു രണ്ട് പിഴവുകളൂം ചൂണ്ടിക്കാട്ടി. ബൗളിങ്ങിൽ 15-20 റൺസുകൾ ഞങ്ങൾ അധികമായി വഴങ്ങിയെന്നാണ് സഞ്ജു പറഞ്ഞ പിഴവുകളിലൊന്ന്. അഞ്ച് ബൗളർമാരെ മാത്രമാണ് സഞ്ജു ഇന്ന് ഉപയോഗിച്ചത്. ഇതിൽ തുഷാർ ദേശ്പാണ്ഡെ നാലോവറിൽ 53 റൺസും തീക്ഷ്ണ നാലോവറിൽ 54 റൺസും വഴങ്ങി. സന്ദീപ് ശർമ്മ 41 റൺസും.
എന്നാൽ മത്സരത്തിൽ എക്‌സ്ട്രാ സ്പിന്നേഴ്‌സിനെ സഞ്ജു ഉപയോഗിച്ചില്ല. നിതീഷ് റാണയും റിയാന്‍ പരാഗും പന്തുകൊണ്ടും ഗുണം ചെയ്യുന്നവരാണ്. പാര്‍ട്ട് ടൈം സ്പിന്നര്‍മാരായ ഇവരെ പരീക്ഷിച്ച് നോക്കാൻ സഞ്ജു തയ്യാറാവാത്തത് രാജസ്ഥാന് തിരിച്ചടിയായി.
രണ്ടാമത്തെ ഘടകം സഞ്ജുവിന്റെ ബാറ്റിങ്ങാണ്. മത്സര ശേഷം സഞ്ജു തുറന്ന് സമ്മതിച്ച പിഴവും ഇത് തന്നെയാണ്. ഞാനും ഹേറ്റ്മേയറും ബാറ്റ് ചെയ്യുമ്പോൾ ചെയ്‌സിങ് സാധ്യമായിരുന്നെന്നും എന്നാൽ പതിമൂന്നാം ഓവറിൽ താൻ പ്രസീദ് കൃഷ്ണയ്ക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ മത്സരം കൈവിട്ടെന്നും സഞ്ജു പറഞ്ഞു.
ബാറ്റിങ്ങിൽ താൻ ഉത്തരവാദിത്വം കാണിച്ചില്ല എന്നത് തന്നെയാണ് സഞ്ജു ഇവിടെ വ്യകത്മാക്കിയത്. ആദ്യഘട്ടത്തിൽ ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ പിടിച്ചുനിന്ന് കളിക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഷിംറോന്‍ ഹെറ്റ്‌മെയര്‍ അടിച്ചുകളിക്കുന്ന സാഹചര്യത്തില്‍ സഞ്ജു പിന്തുണ നല്‍കണമായിരുന്നു. എന്നാൽ താരത്തിന് അത് സാധിച്ചില്ല.