സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട റൂമറുകൾ സജീവമാണ്. 3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്. ചില മാധ്യമങ്ങൾ പുറത്ത് വിട്ട ബ്ലാസ്റ്റേഴ്സിന്റെ റൂമറുകൾ ഏതൊക്കെയന്നെന്ന് പരിശോധിക്കാം…
തെക്ചാം അഭിഷേക് സിംഗ്
പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി പങ്ക് വെച്ച റിപ്പോർട്ടാണ് പഞ്ചാബ് എഫ്സിയുടെ യുവ പ്രതിരോധ താരം തെക്ചാം അഭിഷേക് സിംഗ് ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരമാണ് എന്നുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി എന്നിവരും താരത്തിന്റെ പിറകിലുണ്ട്. ബ്ലാസ്റ്റേഴ്സ് അടുത്ത സമ്മറിൽ ലക്ഷ്യം വെയ്ക്കുന്ന പ്രധാന താരങ്ങളിൽ ഒരാളാണ് അഭിഷേക് സിംഗ്.
സൗലൈമാൻ എൽ അമ്രാനി
ഖേൽ സമാചാർ എന്ന മാധ്യമമാണ് ഈ റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. മൊറോക്കൻ താരമായ 28 കാരനായ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന സൗലൈമാൻ എൽ അമ്രാനിക്കായി കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ശ്രമം നടത്തുന്നുവെന്നാണ് പ്രസ്തുത റിപ്പോർട്ട്.
കോണർ ഷീൽഡ്സ്
അന്താരാഷ്ട്ര മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ടർ ആന്റണി ജോസഫാണ് ചെന്നൈയിൻ എഫ്സിയുടെ സ്കോട്ടിഷ് മിഡ്ഫീൽഡർ കോണർ ഷീൽഡ്സിന് വേണ്ടി ബ്ലാസ്റ്റേഴ്സ്ശ്രമം നടത്തുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി, മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എന്നിവർക്കൊപ്പം സ്കോട്ടിഷ് ടീമുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് അദ്ദേഹം പങ്ക് വെച്ച റിപ്പോർട്ട്.
സെർജിയോ കാസ്റ്റൽ
ഈ ഡീൽ ഏറെക്കുറെ ഉറപ്പിക്കാമെങ്കിലും ഇത് വരെ ഔദ്യോഗികമായിട്ടില്ല. സ്പാനിഷ് മുന്നേറ്റ താരമായ കാസ്റ്റലുമായി ബ്ലാസ്റ്റേഴ്സ് ധാരണയിൽ എത്തിയതായി വിശ്വാസയോഗ്യമായ പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
ദീപക് താന്ഗ്രി
സാദ്ധ്യതകൾ കുറവാണെങ്കിലും ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഉയർന്ന് കേൾക്കുന്ന പ്രധാന പേരാണ് മോഹൻ ബഗാൻ താരമായ ദീപക് താന്ഗ്രിയുടേത്..