കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.

മാർക്കസിന്റെ റിപ്പോർട്ട്‌ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സും ലോബേരയും തമ്മിൽ യാതൊരു ധാരണയിലും എത്തിയിട്ടില്ല എന്നാണ്. നിലവിൽ അദ്ദേഹത്തിന് ഒഡിഷയുമായി അടുത്ത സീസണിലും കരാറുണ്ടെന്നും ലോബേരയും ബ്ലാസ്റ്റേഴ്‌സും തമ്മിൽ ധാരണയിൽ എത്തിയിട്ടില്ലെന്നും മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നു.

ലോബേര ഇത് വരെ ബ്ലാസ്റ്റേഴ്‌സുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ സാധ്യതയില്ലെന്നുമാണ് മാർക്കസ് വ്യക്തമാക്കുന്നത്.

ഇതോടെ മനോരമ പുറത്ത് വിട്ട വാർത്ത തെറ്റാണെന്ന് മനസിലാക്കാനാവും. കൂടാതെ ലോബരയ്ക്കൊപ്പം ഹ്യൂഗോ ബോമസും ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള സാധ്യത മനോരമ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇക്കാര്യവും മാർക്കസിന്റെ റിപ്പോർട്ടോട് കൂടി സത്യമല്ലെന്ന് വ്യക്തമാവുകയാണ്.

അതേ സമയം, ടിജി പുരുഷോത്തമനും തോമസ് ചോഴ്സും സീസൺ അവസാനം വരെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകരായി തുടരുമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

നിലവിൽ ടിജിയുടെയും തോമസിന്റെയും കീഴിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തുന്നുണ്ട്.