FootballIndian Super LeagueKBFCSportsTransfer News

പരിക്ക് വേട്ടയാടുന്നു, അവസരങ്ങൾ കുറഞ്ഞു; കരിയറിൽ കടുത്ത പ്രതിസന്ധിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

ബ്ലാസ്റ്റേഴ്‌സ് കണ്ടതിൽ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.ബ്ലാസ്റ്റേഴ്സിനായി 53 മത്സരങ്ങൾ കളിച്ച താരം ഒരു തവണ വല കുലുക്കിയിട്ടുമുണ്ട്.

മാർക്കോ ലെസ്‌കോവിച്ച്(Marko Leskovic). ഈ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാനിടയില്ല. 2021 മുതൽ 2024 വരെ തുടർച്ചയായ 3 സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാത്ത താരമാണ് ലെസ്‌കോവിച്ച്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ലെസ്‌കോയുടെ നിലവിലെ കളത്തിലെ കാര്യങ്ങൾ അത്ര സുഖകരമല്ല.

2024 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ലെസ്‌കോ മറ്റൊരു ഐഎസ്എൽ ക്ലബിനോടും യെസ് പറയാതെ ജന്മനാടായ ക്രൊയേഷ്യയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ സ്ലാവൻ ബെലൂപ്പോയ്‌ക്കൊപ്പം ചേരുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിലെ പോലെ അത്ര സുഖകരമായ കരിയറല്ലായിരുന്നു അദ്ദേഹത്തിന് സ്ലാവൻ ബെലൂപ്പയിൽ.

2024- 25 സീസണിൽ സ്ലാവൻ ബെലുപ്പയ്ക്കായി ആകെ കളിക്കാനായത് വെറും മൂന്നേ മൂന്ന് മത്സരമാണ്. ഒരു ക്ലബിന് 36 ലീഗ് മത്സരങ്ങളുള്ള ലീഗാണ് ക്രൊയേഷ്യൻ ലീഗ് എന്നത് ഓർക്കണം. അവിടെയാണ് ലെസ്‌കോയ്ക്ക് കേവലം 3 അവസരങ്ങൾ മാത്രം ലഭിച്ചത്. ഈ 3മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്ത ബെഞ്ചിൽ നിന്നുമാണെന്നും ഓർക്കണം. ആ സീസണിൽ ലെസ്‌കോ കളിച്ചത് ആകെ 108 മിനുട്ട് മാത്രമാണ്.

17 ഓളം മത്സരങ്ങൾ അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമായി. ബാക്കിയുള്ള മത്സരങ്ങളിൽ കേവലം ബെഞ്ചിൽ മാത്രം അദ്ദേഹം ഒതുങ്ങി.

2025- 26 സീസണിലും അദ്ദേഹത്തിന് കാര്യങ്ങൾ അനുകൂലമായിരുന്നില്ല. കഴിഞ്ഞ സീസണിൽ അദ്ദേഹം കളിച്ചത് ആകെ 6 മത്സരങ്ങൾ മാത്രമാണ്. കഴിഞ്ഞ സീസൺ തുടക്കത്തിലേ പരിക്കിന്റെ പിടിയിലായ ലെസ്‌കോ കഴിഞ്ഞ മെയ് മാസത്തിലാണ് കളത്തിലേക്ക് തിരിച്ച് വന്നത്. അതിന് ശേഷമാണ് ഈ 6 മത്സരങ്ങൾ അദ്ദേഹം കളിച്ചത്.ചുരുക്കി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം അദ്ദേഹം കളിച്ചത് ആകെ 9 മത്സരങ്ങളിലാണെന്ന് സാരം.

ഇപ്പോഴിതാ താരം മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറിയിരിക്കുകയാണ്. എച്ച്എൻകെ ജാക്കോവോ ക്രൊയേഷ്യ എന്ന ക്ലബാണ് താരത്തിന്റെ പുതിയ തട്ടകം. ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിൽ നാലാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണിത്.

ALSO READ:

ലെസ്‌കോയുടെ ബ്ലാസ്റ്റേഴ്‌സ് കരിയർ

Marko Leskovic
Marko Leskovic (Image Credit: ISL)

2021 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ലെസ്‌കോ, ബ്ലാസ്റ്റേഴ്‌സ് കണ്ടതിൽ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു. 3 സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 53 മത്സരങ്ങൾ കളിച്ച താരം ഒരു തവണ വല കുലുക്കിയിട്ടുമുണ്ട്.

ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന കാലത്ത് തന്നെ ലെസ്‌കോയെ പരിക്ക് വേട്ടയാടിയിരുന്നു. 2022-23, 2023-24 സീസണുകളിൽ പരിക്ക് മൂലം അദ്ദേഹത്തിന് പല മത്സരങ്ങളും നഷ്ടമായിരുന്നു. ആ പരിക്കിന്റെ ബാക്കി പത്രമാണ് ഇപ്പോൾ അദ്ദേഹത്തിൻറെ കരിയറിനെയും ബാധിച്ചിരിക്കുന്നത്.

English Summary: Former Kerala Blasters defender Marko Leskovic has joined Croatian fourth-division club HNK Đakovo Croatia. After leaving KBFC in 2024, Leskovic struggled with recurring injuries and limited game time at Slaven Belupo, playing just nine matches over two seasons before making this latest career move.