ഐപിഎൽ പതിനെട്ടാം സീസൺ ആദ്യ മൂന്ന് റൗണ്ടുകൾ പുരോഗമിച്ച് വരികയാണ്. ഇതിനോടകം പല ടീമുകളും കുതിപ്പും കിതപ്പും ആരംഭിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളുമായെത്തിയ വമ്പന്മാർക്ക് ആദ്യ റൗണ്ടുകളിൽ കാലിടറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..
അജിൻക്യ രഹാനെ..
നിലവിലെ ചാമ്പ്യന്മാരായെത്തിയ കെകെആറിന് അജിൻക്യ രഹാനയെ നായകനാക്കിയത് മികച്ച തീരുമാനമായിരുന്നില്ല എന്ന് ഇപ്പോൾ തോന്നിയിട്ടുണ്ടാവാം. നിലവിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് പോയിന്റുമായി പട്ടികയിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ് കെകെആർ. ഇനിയും മികച്ച പ്രകടനം നടത്താനായില്ല എങ്കിൽ രഹാനെയുടെ നായക സ്ഥാനം തെറിക്കാൻ സാധ്യതകളേറെയാണ്. പകരം വെങ്കടേഷ് അയ്യർക്കായിരിക്കും നറുക്ക് വീഴുക.
ഋതുരാജ് ഗെയ്ക്‌വാദ്
അഞ്ച് തവണ ചാമ്പ്യന്മാരായവരാണ് സിഎസ്കെ. ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള ടീമുകളിൽ ഒന്ന് കൂടിയാണവർ. എന്നാൽ ഗെയ്ക്‌വാദിന്റെ കീഴിൽ അവർക്ക് കാര്യങ്ങൾ എളുപ്പമല്ല. കഴിഞ്ഞ സീസണിൽ പ്ലേഓഫിന് യോഗ്യത നേടാൻ അവർക്കായില്ല. ഇത്തവണ മൂന്ന് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. ചെന്നൈയുടെ കരുത്തിന് അനുസൃതമായി ഋതുരാജിന്റെ നായക മികവ് ഉയർന്നില്ല എങ്കിൽ ചെന്നൈ കടുത്ത തിരുമാനങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്.
ഋഷഭ് പന്ത്
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് തുകയായ 27 കോടി മുടക്കി സ്വന്തമാക്കിയ പന്തിന്റെ നായകത്വവും അത്ര മികച്ചതല്ല. നായകൻ, കീപ്പർ, ബാറ്റർ എന്നീ നിലകളിൽ ഇത് വരെ പരാജയപ്പെട്ട പന്തിന്റെ നായക സ്ഥാനം മാത്രമല്ല, ലക്നൗവിലെ ഭാവിയും ആശങ്കയിലാണ്. ലീഗില്‍ ആറാമതാണ് ഇപ്പോള്‍ ലഖ്‌നൗ ടീം. മൂന്നു കളിയില്‍ ഒന്നില്‍ ജയിച്ച അവര്‍ ശേഷിച്ച രണ്ടെണ്ണം തോല്‍ക്കുകയും ചെയ്തു. പന്തിന് പകരം വെസ്റ്റ് ഇൻഡീസ് താരം പൂരനെ നായകനാക്കാനും ആരാധകർ ആവശ്യം ഉയരുന്നുണ്ട്.
ഹർദിക് പാണ്ട്യ
ഐപിഎൽ മറ്റൊരു കരുത്തരായ ടീമാണ് മുംബൈ. കിരീടം കൊണ്ടും ആരാധക പിന്തുണ കൊണ്ടും മികച്ച് നിൽക്കുന്ന മുംബൈ പാണ്ട്യയുടെ കീഴിൽ അത്ര മികച്ച രീതിയിലല്ല മുന്നോട്ട് കൊണ്ട് പോകുന്നത്. സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ബുമ്ര എന്നീ ക്യാപ്റ്റൻ മെറ്റിരിയൽസ് ഉള്ളതിനാൽ ഇനിയും മുംബൈയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോയില്ല എങ്കിൽ പാണ്ട്യയുടെ നായക സ്ഥാനം ചോദ്യം ചെയ്യപ്പെടും.